Kerala
കണ്ണൂർ: പിലാത്തറയിൽ അമ്മയ്ക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് പരിക്കേറ്റ രണ്ട് വയസുകാരൻ മരിച്ചു. ചുമടുതാങ്ങി സ്വദേശി ഐസാം ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. ഐസാമിന്റെ അമ്മ കുഞ്ഞിനെ എടുത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. വൈകിട്ടോടെ കുഞ്ഞിന്റെ നില അതീവ ഗുരുതരമായതോടെ കിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് വൈകുന്നേരം നാലോടെ ചുമടുതാങ്ങിയിലുള്ള കുടുംബവീട്ടിലേക്ക് മൃതദേഹം എത്തിക്കും. തുടർന്ന് വണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കാരച്ചടങ്ങുകൾ നടക്കും. അമ്മ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
National
ഭിലായ്: നഴ്സിംഗ് വിദ്യാർഥിനി താമസസ്ഥലത്ത് കുത്തേറ്റ് മരിച്ചു. ഛത്തീസ്ഗഡിലെ ഭിലായിൽ നടന്ന സംഭവത്തിൽ ബെമേതാര ജില്ലയിലെ കുംഹി സ്വദേശിനിയായ ഖുഷി സാഹു (19) ആണ് കൊല്ലപ്പെട്ടത്.
ഖുഷിക്കൊപ്പം താമസിച്ചിരുന്ന സുഹൃത്ത് പുറത്തുപോയ സമയത്തായിരുന്നു സംഭവം. സുഹൃത്ത് തിരിച്ചെത്തിയപ്പോൾ ഖുഷി ചോരയിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഖുഷിയുടെ വയറ്റിലും കൈകളിലും പുറത്തുമായി പത്തിലധികം കുത്തേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വ്യക്തമാക്കി.
Kerala
ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ മലയാളി വിദ്യാർഥിനി സാവരിയ ബസന്ത് കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കുടുംബം. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ലാപ്ടോപ്പ് കൊണ്ട് അടിച്ചുകൊന്നുവെന്ന പ്രചാരണം തെറ്റാണ്. മതംമാറാൻ വിസമ്മതിച്ചതിനെ തുടർന്ന് സാവരിയ ക്രൂരമായ പീഡനത്തിന് ഇരയായെന്നും ബന്ധു ജനീഷ് ആരോപിച്ചു.
സാവരിയായുടെ കാല് മുതൽ തല വരെ മർദനമേറ്റ പാടുകളുണ്ട്. ഒരു നിമിഷത്തെ പ്രകോപനത്തിൽ ലാപ്ടോപ് കൊണ്ട് അടിച്ചുകൊന്ന ലക്ഷണങ്ങളല്ല ശരീരത്തിലുള്ളതെന്നും അന്വേഷണ ഉദ്യോഗസ്ഥ വ്യക്തമാക്കിയതായി ജനീഷ് പറഞ്ഞു. ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിയായ സാവരിയയോട് പ്രതിയായ സദറുൽ അനം പലതവണ മതംമാറാൻ ആവശ്യപ്പെട്ടിരുന്നു.
ഒപ്പമുണ്ടായിരുന്ന സഹപാഠികൾ ഇതിന് സാക്ഷികളാണ്. മതം മാറാൻ സാവരിയ തയാറായില്ല. ഇതിന്റെ പ്രതികാരമായാണ് കൊലപാതകമെന്നാണ് കുടുംബത്തിന്റെ സംശയം. കഴിഞ്ഞ വെള്ളിയാഴ്ച ഹോസ്റ്റൽ മുറിയിൽ സംസാരിച്ചു നിൽക്കുമ്പോൾ സദറുൽ അനം പെട്ടെന്നു പ്രകോപിതനായി ലാപ്ടോപ് കൊണ്ടു സാവരിയയുടെ തലയ്ക്കടിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.
രക്തത്തിൽ കുളിച്ചു വീണ സാവരിയയെ ഇയാൾ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശരീരത്തിലെ മുറിവുകളും വൻ ക്രൂരതയാണ് വിരൽ ചൂണ്ടുന്നതെന്നും അവസാനനിമിഷം മുറിക്കുള്ളിൽ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
NRI
അലബാമ: വെള്ളിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ യുഎസ് ഗുസ്തി താരം അലക്സാൻഡ്രിയ ഹൈസ്കൂളിലെ വിദ്യാർഥിയുമായ റയാൻ ലാംബെർട്ട് (16) മരിച്ചു.
തുടർച്ചയായി രണ്ട് തവണ അലബാമ സംസ്ഥാന ഗുസ്തി ചാമ്പ്യൻഷിപ്പ് നേടിയ താരമാണ് റയാൻ ലാംബെർട്ട്. കായികരംഗത്ത് വലിയ പ്രതിഭയായി വളർന്നു വരവെയാണ് റയാനെ മരണം കവർന്നത്.
യുവതാരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ അലബാമയിലെ കായിക സമൂഹവും സഹപാഠികളും ആദരാഞ്ജലികൾ അർപ്പിച്ചു.
Kerala
കോട്ടയം: എംസി റോഡിൽ കോട്ടയം പള്ളം പവർഹൗസിനു സമീപം കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. നാട്ടകം സ്വദേശി ലക്ഷ്മി വിലാസത്തിൽ ജഗദമ്മ (68) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം. കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് വീട്ടമ്മയെ ഇടിച്ചത്.
റോഡ് മുറിച്ച് കടക്കുമ്പോൾ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ജഗദമ്മയെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ചിങ്ങവനം പോലീസ് കേസടുത്ത് തുടർനടപടി ആരംഭിച്ചു.
Kerala
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. മലപ്പുറത്ത് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാഫലം. വയറിളക്കം ബാധിച്ചു മരിച്ച കീഴാറ്റൂർ സ്വദേശി സരോജിനിയ്ക്കാണ് (59) ഷിഗെല്ല സ്ഥിരീകരിച്ചത്.
വയറിളക്കത്തെ തുടർന്ന് തിങ്കളാഴ്ചയാണ് ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു ഇവരുടെ മരണം സ്ഥിരീകരിച്ചത്. രോഗ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയുടെ ഫലം ഇന്നാണ് ലഭിച്ചത്.
മലപ്പുറം ജില്ലയിൽ രണ്ട് പേരാണ് ഷിഗെല്ല ബാധിച്ച് ചികിത്സയിലുള്ളത്. തേഞ്ഞിപ്പാലം, എടവണ്ണ സ്വദേശികളാണ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്.
Kerala
കോട്ടയം: വാകത്താനത്തു കഴിഞ്ഞ ദിവസം കാണാതായ യുവാവിനായി തെരച്ചിൽ തുടരുന്നതിനിടയിലാണ് ആ വാർത്തയെത്തിയത്. വാകത്താനം പാലത്തിനടിയിൽ ഒരു മൃതദേഹം. വാർത്ത കേട്ട് എല്ലാവരും ഒാടിയെത്തി. കാണാതായ യുവാവിന്റെ മൃതദേഹം തന്നെയാണ് ഇതെന്നു തിരിച്ചറിഞ്ഞു.
കോട്ടയം വാകത്താനം മണികണ്ഠപുരം ചക്കിട്ടാം പറമ്പിൽ വർഗീസിന്റെയും സുമയുടെയും മകൻ അമൽ വർഗീസിന്റെ മൃതദേഹമാണ് പാലത്തിനടയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് തോട്ടിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. എന്നാൽ, തോടിന് ആഴമുണ്ടെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞതോടെ ഫയർഫോഴ്സ് സംഘം സ്കൂബ ടീമിനെ വിളിക്കാമെന്ന നിർദേശം വച്ചു.
ഇതോടെ മൂന്നു ദിവസത്തിലേറെ പഴക്കമുള്ള മൃതദേഹം ഇനിയും ഏറെ സമയം വെള്ളത്തിൽ കിടക്കേണ്ടിവരുമെന്ന ആശങ്ക ഉയർന്നു. വെള്ളത്തിൽ ഇറങ്ങാൻ എല്ലാവരും മടിച്ചുനിന്നപ്പോഴാണ് വാകത്താനം പോലീസ് സ്റ്റേഷനിലെ പ്രീതീഷ് പ്രസാദ് മുന്നോട്ടുവന്നത്.
താൻ ഇറങ്ങി മൃതദേഹം കരയ്ക്ക് അടുപ്പിക്കാമെന്ന് പ്രീതീഷ് പറഞ്ഞു. പിന്നെ യൂണിഫോം മാറ്റി ഒരു കയറുമായി നേരെ വെള്ളത്തിലേക്ക്. മൃതദേഹത്തിനരികിലേക്ക് എത്തിയ പ്രീതീഷ് മിനിറ്റുകൾക്കുള്ളിൽ മൃതദേഹം കരയ്ക്ക് എത്തിച്ചു.
എല്ലാവരും മടിച്ചുനിന്നപ്പോൾ വെള്ളത്തിലേക്ക് സാഹസികമായി ഇറങ്ങാൻ മനസ് കാണിച്ച പ്രീതീഷിനെ കണ്ടുനിന്നവർ അഭിനന്ദിച്ചു. ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ജർമൻ പരിശീലനത്തിനു ശേഷം വിദേശത്തേക്കു പോകാൻ തയാറെടുത്തിരിക്കുകയായിരുന്നു അമൽ. പാലത്തിൽ ഇരുന്നപ്പോൾ അബദ്ധത്തിൽ പിറകിലേക്കു മറിഞ്ഞു തോട്ടിൽ വീണതാകാമെന്നാണ് കരുതുന്നത്.
Kerala
പാലക്കാട്: മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മലമ്പുഴ സർക്കാർ ആശുപത്രിയിലെ റിട്ടയേഡ് അറ്റൻഡർ അകമലവാരം എ. ചന്ദ്രൻ ആണ് മരിച്ചത്.
വീടിന് സമീപത്തുള്ള പുളിഞ്ചോടിൽ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടെ പുലർച്ചെ ആന ആക്രമിച്ചു. രണ്ടുപേർകൂടി ഒപ്പമുണ്ടായിരുന്നു. ഇവർ ഓടി രക്ഷപ്പെട്ടു.
Kerala
മലപ്പുറം: എടവണ്ണപ്പാറയിൽ 19 വയസുകാരൻ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വെട്ടത്തുര്‍ കാഞ്ഞിരകുഴി ഉസ്മാന്റെ മകന് യാസറിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരിക്കുന്ന ദിവസം പകല്‍ യാസറിനെ മൊബൈല്‍ ഷോപ്പ് ഉടമ വിളിച്ച് കൊണ്ടുപോവുകയും ഷോപ്പില്‍വച്ച് മര്‍ദിക്കുന്നതും കടയി ലെ സിസിടിവിയില്‍നിന്ന് തെളിവായി ലഭിച്ചിരുന്നു. യാസര്‍ സുഹൃത്തുക്കളുമായി എടവണ്ണപ്പാറയില്‍ വച്ചുണ്ടായ വാക്കേറ്റവും അടിപിടിയുമാണ് മരണത്തിനിടയാക്കിയതെന്ന് കുടുംബം വാഴക്കാട് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നുണ്ട്.
മൊബൈല്‍ മോഷണം ആരോപ്പിച്ച് യാസറിനെ കള്ളനായി ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളില്‍ അപമാനിക്കുകയും ചെ്തുവെന്നും കുടുംബം ആരോപിക്കുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എടവണ്ണപ്പാറയില്‍ നടന്ന കലഹത്തില്‍ യാസറിന്റെ ഫോണും ബുള്ളറ്റ് ബൈക്കും നഷ്ടമായിരുന്നു.
ബൈക്കും ഫോണും നഷ്ടപ്പെട്ട വിഷമം വീട്ടുകാരെയും അടുത്ത സുഹൃത്തുക്കളെയും അറിയിച്ചിരുന്നു. ഫോണും ബുള്ളറ്റും നഷ്ടമായെന്നും ഇനി ജീവിതം അവസാനിപ്പിക്കുകയാണെന്നും യാസര്‍ സുഹൃത്തുക്കള്‍ക്ക് നല്കിയ വാട്ട്സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു.
കുറ്റക്കാര്‍ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് കുടുംബം. പ്രതികളെ പിടികൂടും വരെ കേസുമായി മുമ്പോട്ട് പോകുമെന്നും മറ്റാര്‍ക്കും ഈ ദുരവസ്ഥ ഉണ്ടാവരുതെന്നും കുടുംബം പറയുന്നു.
അതേസമയം, കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് തെളിവുകള്‍ ശേഖരിച്ചുവരികയാണ്. മരണത്തിലെ ദുരുഹതകള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് എടവണ്ണപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ ഷോപ്പ് പൊലീസ് അടപ്പിച്ചിട്ടുണ്ട്.
National
പൂന: മഹാരാഷ്ട്രയിലെ പൂനയിൽ മാർക്ക്ഷീറ്റ് തിരുത്തിയതിന് പിതാവ് മകളെ കഴുത്തറുത്ത് കൊന്നു. തെളിവ് നശിപ്പിക്കാനായി വീടിന് തീയിടുകയും ചെയ്തു. കൂലിപ്പണിക്കാരനായ ശാന്താറാം ചവാൻ (33) ആണ് മൂന്നാം ക്ലാസ് വിദ്യാർഥിനിയായ മകളെ കൊലപ്പെടുത്തിയത്.
ശാന്താറാമിന്റെ നാലാം ക്ലാസിൽ പഠിക്കുന്ന മകനും മകളും തമ്മിൽ പരീക്ഷയിൽ ലഭിച്ച മാർക്കിനെ ചൊല്ലി തർക്കമുണ്ടായി. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സഹോദരൻ രണ്ടാം റാങ്ക് നേടിയ, അനുജത്തിയെ കളിയാക്കിയതാണ് തർക്കത്തിന് കാരണം. ഇതേ തുടർന്ന് പെൺകുട്ടി മാർക്ക്ഷീറ്റിൽ തന്റെ റാങ്ക് രണ്ടിൽനിന്ന് ഒന്നാക്കിയും സഹോദരന്റെ മാർക്ക്ഷീറ്റിൽ റാങ്ക് ഒന്നിൽനിന്ന് രണ്ടാക്കിയും തിരുത്തി. മാർക്ക്ഷീറ്റ് തിരുത്തിയ വിവരം അറിഞ്ഞ് കോപാകുലനായ ശാന്താറാം, യന്ത്രവാൾ ഉപയോഗിച്ച് മകളുടെ കഴുത്തറക്കുകയായിരുന്നു. തുടർന്ന് മൃതദേഹം സാരിയിൽ പൊതിഞ്ഞ് വീട്ടിൽ സൂക്ഷിച്ച ശേഷം, വീടിന് തീയിട്ടു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മകളെ കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാനാണ് പ്രതി ശ്രമിച്ചതെന്ന് കണ്ടെത്തി. വീട്ടിൽനിന്ന് കത്തിക്കരിഞ്ഞ നിലയിലുള്ള പെൺകുട്ടിയുടെ പാതി ശരീരം പോലീസ് കണ്ടെടുത്തു. മൃതദേഹം പെൺകുട്ടിയുടേത് തന്നെയെന്ന് സ്ഥിരീകരിക്കാനായി ഡിഎൻഎ പരിശോധനക്കായി അയച്ചു. സംഭവത്തിൽ പിതാവ് ശാന്താറാമിനെയും ഇയാൾക്ക് സഹായം നൽകിയ ഒരു സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു.
Movies
മലയാളത്തിലുള്‍പ്പെടെ ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ നിര്‍മിച്ച സൂപ്പര്ഗുഡ്സ് ഫിലിംസ് സ്ഥാപകന്‍ ആര്.ബി. ചൗധരി (72) ഉദയ്പുരില്‍ കാറപകടത്തില്‍ മരിച്ചു. നടൻ ജീവ മകനാണ്.
മൃതദേഹം ഇന്ന് ചെന്നൈയിലെത്തിക്കും. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ചു. 1988 മുതൽ സൂപ്പർ ഗുഡ് ഫിലിംസ് ബാനറിൽ സിനിമകൾ നിർമ്മിക്കുന്ന വ്യക്തിയാണ് ആർ.ബി ചൗധരി. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി സിനിമകൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്. കീർത്തി ചക്ര ഉൾപ്പെടെയുള്ള മലയാള സിനിമകൾ അദ്ദേഹമാണ് നിർമിച്ചത്.
രാജസ്ഥാൻ സ്വദേശിയാണ് ചൗധരി. സിനിമാ നിർമാണ രംഗത്തേക്ക് വരുന്നതിന് മുമ്പ് അദ്ദേഹം സ്റ്റീൽ, കയറ്റുമതി, ജ്വല്ലറി വ്യവസായ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗുഡ് നൈറ്റ് മോഹനുമായി ചേർന്ന് 'സൂപ്പർ' ബാനറിൽ ചിത്രങ്ങൾ നിർമ്മിച്ചിരുന്നു.
അവർ പിരിയാൻ തീരുമാനിച്ചതോടെ ചൗധരി 'ഗുഡ് നൈറ്റ്' എന്നതിൽ നിന്ന് 'ഗുഡ്' എടുത്ത് ‘സൂപ്പർ ഗുഡ് ഫിലിംസ്’ എന്ന് നിർമാണക്കമ്പനി പുനർനാമകരണം ചെയ്തു.
തമിഴ്നാട്ടുകാരിയായ മെഹ്ജബീനെയാണ് ചൗധരി വിവാഹം കഴിച്ചത്. ജീവയേയും ജിത്തനേയും കൂടാതെ അദ്ദേഹത്തിന് സുരേഷ് ചൗധരി, ജീവൻ ചൗധരി എന്നിങ്ങനെ രണ്ട് ആൺമക്കൾ കൂടിയുണ്ട്. സുരേഷ് സൂപ്പർ ഗുഡ് ഫിലിംസിനുവേണ്ടി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ജീവൻ സ്റ്റീൽ കമ്പനി സംരംഭകനാണ്.
National
മുംബൈ: തണ്ണിമത്തൻ കഴിച്ചശേഷം നാലംഗ കുടുംബം മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ഭക്ഷ്യവിഷബാധയേറ്റല്ല മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ നിന്നും ശേഖരിച്ച സാമ്പിളിൽ കൃത്രിമ കളറോ മധുരമോ ചേർത്തതായി കണ്ടെത്താൻ കഴിച്ചിട്ടില്ല.
മുംബൈ സ്വദേശികളായ അബ്ദുല്ല ദോക്കാഡിയ, ഭാര്യ നസ്റീൻ, മക്കളായ സൈനബ്, ആയിഷ എന്നിവരാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. മരിച്ചവരുടെ ആന്തരികാവയവങ്ങളുടെ നിറം മാറ്റം എന്തോ വിഷാംശം ഉള്ളിലെത്തിയതിന്റെ സൂചനയാണെന്നാണ് പ്രാഥമിക ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്.
മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി മാറിയിരുന്നു. ഇത് ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തിൽ ഉണ്ടാകുന്നതല്ല. എന്തുകൊണ്ടാണ് ഇങ്ങനെയുണ്ടായതെന്ന് ഡോക്ടർമാർ പരിശോധിച്ചു വരുകയാണ്. അബ്ദുല്ലയുടെ ശരീരത്തിൽ മോർഫിന്റെ അംശവും കണ്ടെത്തിയതായി അധികൃതർ സൂചന നൽകിയിട്ടുണ്ട്.
Kerala
പാലക്കാട്: പിതാവിനൊപ്പം ഗുഡ്സ് ഓട്ടോയുടെ മുൻവശത്തിരുന്ന് യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് ആറു വയസുകാരന് ദാരുണാന്ത്യം. ചാലിശേരി ആലിക്കരയിൽ വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ കോതച്ചിറ പുത്തൻപീടികയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിനാണ് മരിച്ചത്.
യാത്രയ്ക്കിടെ അപ്രതീക്ഷിതമായി വാഹനത്തിന്റെ ഡോർ തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ വാഹനത്തിന്റെ പിൻചക്രം കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങി. അപകടം നടന്ന ഉടൻ തന്നെ ഹൈസിനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഹസീനയാണ് ഹൈസിന്റെ മാതാവ്. സഹോദരിമാർ: ഹിസാന, ഹസ്ന.
Kerala
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും.
സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ആണ് കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
അഞ്ചരക്കണ്ടി കോളജിലെ മുകൾ നിലയിൽ നിന്ന് വീണു മരിച്ചതായി കാണപ്പെട്ട നിതിൻ രാജിന്റെ മരണത്തിലും തുടർന്ന് ഉള്ള അന്വേഷണത്തിലും കുടുംബവും ബന്ധുക്കളും നിരവധി സംശയങ്ങളും പരാതികളും ഉന്നയിച്ചിരുന്നു.
ദന്തൽ വിഭാഗം മേധാവി റാമിനെതിരെ കേസ് എടുത്തിരുന്നെങ്കിലും കോളജ് അധികൃതർക്കെതിരെ നിരവധി പരാതികൾ കുടുംബം ഉന്നയിച്ചിരുന്നു. വിഷയത്തിൽ ദളിത് സംഘടനകൾ ചൊവ്വാഴ്ച ഹർത്താലും നടത്തിയിരുന്നു.
Kerala
കൊച്ചി: പെരുമ്പാവൂർ അശമന്നൂരിൽ ഒഴുക്കിൽപ്പെട്ട് രണ്ടു വിദ്യാർഥികൾ മരിച്ചു. മലപ്പുറം, കൊല്ലം സ്വദേശികളായ അജ്മൽ, അജ്സൽ എന്നിവരാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരിയവാലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു. ചെറുകുന്നം കെഎംപി നഴ്സിംഗ് കോളജിലെ ആറു വിദ്യാർഥികളാണ് സ്ഥലത്തെത്തിയത്. ഇതിൽ മൂന്നുപേർ കുളിക്കാനിറങ്ങുകയായിരുന്നു.
ഷട്ടർ തുറന്ന സമയമായതിനാൽ 10 അടിയോളം വെള്ളമുണ്ടായിരുന്നു. വെള്ളത്തിലേക്ക് ഇറങ്ങിയ വിദ്യാർഥികൾ മുങ്ങിപ്പോയി. നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്നാണ് വിദ്യാർഥികളെ പുറത്തെടുത്തത്.
ഒഴക്കിൽപ്പെട്ട മൂന്നാമനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Kerala
ആലപ്പുഴ: കായംകുളത്ത് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന 42-കാരി സെലീന മരിച്ച സംഭവത്തിൽ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. സെലീനയ്ക്ക് കൃത്യസമയത്ത് ആന്റി വെനം ഉൾപ്പെടെയുള്ള അത്യാവശ്യ ചികിത്സകൾ നൽകുന്നതിൽ ആശുപത്രി അധികൃതർ വീഴ്ച വരുത്തിയെന്ന് പിതാവ് സമീർ ആരോപിച്ചു. സംഭവത്തിൽ നീതി തേടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് സെലീനയ്ക്ക് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മതിയായ പരിഗണനയോ ചികിത്സയോ ലഭിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു. പാമ്പ് കടിയേറ്റാൽ നൽകേണ്ട പ്രാഥമിക ഔഷധമായ ആന്റി വെനം നൽകുന്നതിൽ ആശുപത്രി അധികൃതർ കാലതാമസം വരുത്തിയെന്നാണ് പ്രധാന ആരോപണം.
എന്നാൽ സെലീനയെ എത്തിച്ചപ്പോൾ പാമ്പ് കടിയേറ്റതിന്റെ ലക്ഷണങ്ങൾ കണ്ടിരുന്നില്ലെന്നും ചികിത്സയിൽ വീഴ്ച വരുത്തിയിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. ഈ വാദത്തെ കുടുംബം പൂർണമായും തള്ളിക്കളഞ്ഞു.
National
ചായിബാസ: ജാർഖണ്ഡിൽ മുൻ മാവോയിസ്റ്റിനെ തല്ലിക്കൊന്നു. രമേഷ് ചാംപിയയെ ആണ് സിപിഐ (മാവോയിസ്റ്റ്) സംഘം തല്ലിക്കൊന്നത്. വെസ്റ്റ് സിംഗ്ഭൂം ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണു സംഭവം. രമേഷിന്റെ ഭാര്യ അക്രമികളെ ചെറുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
തൊട്ടടുത്ത വനമേഖലയിലേക്ക് രമേഷിനെ കൊണ്ടുപോയി തല്ലിക്കൊല്ലുകയായിരുന്നു. തുടർന്ന് ഗോയിൽകേര-മനോഹർപുർ മെയിൻ റോഡിൽ മൃതദേഹം ഉപേക്ഷിച്ചു.
മുന്‍പ് ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് രമേഷ് ചാംപിയ. ജയിൽമോചിതനായശേഷം മാവോയിസ്റ്റ്ബന്ധം ഉപേക്ഷിച്ച് നിർമാണ കന്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
Kerala
കൊല്ലം: വൈബ്രേറ്റർ മെഷീനിൽനിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ പത്തിന് കൊല്ലത്തുണ്ടായ സംഭവത്തിൽ കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനിൽ രതീഷിന്റെയും അമൃതയുടെയും മകൻ ആദിദേവ് (12) ആണ് മരിച്ചത്.
സംഭവസമയത്ത് ആദിദേവിന്റെ സഹോദരി ആർദ്ര മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരനെ അന്വേഷിച്ച് എത്തിയ ആർദ്രയാണ് വീടിനോട് ചേർന്ന ഷെഡിനുള്ളിൽ പൊള്ളലേറ്റ് അബോധാവസ്ഥയിൽ ആദിദേവിനെ കണ്ടെത്തിയത്.
ആർദ്രയുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസികൾ ഉടൻതന്നെ ആദിദേവിനെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോൺക്രീറ്റ് കരാറുകാരനാണ് ആദിദേവിന്റെ അച്ഛൻ രതീഷ്.
National
മംഗളൂരു: ചിക്കമഗളൂരു ബാബാ ബുധൻഗിരി മലയിൽ വിനോദസഞ്ചാരത്തിനെത്തി മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മരണകാരണം വീഴ്ചയിലേറ്റ പരിക്കുകളെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയുടെ വലതുഭാഗത്തേറ്റ ശക്തമായ ആഘാതമാണ് മരണകാരണമായത്. പെൺകുട്ടിയുടെ ശരീരമാസകലം പരിക്കുകളുണ്ട്.
അസ്ഥികൾ മിക്കതും ഒടിഞ്ഞുനുറുങ്ങിയ നിലയിലാണ്. അതേസമയം പെൺകുട്ടി ധരിച്ചിരുന്ന ജീൻസും ടോപ്പും അതേപടിയുണ്ടായിരുന്നു. വീഴ്ചയ്ക്കിടെ സംഭവിച്ച ചെറിയ കീറലുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
മലമുകളിൽ കുടുംബാംഗങ്ങൾക്കൊപ്പം ശ്രീനന്ദ അവസാനമായി ഉണ്ടായിരുന്ന സ്ഥലവും മലയിടുക്കിൽ മൃതദേഹം കണ്ടെത്തിയ സ്ഥലവും പെൺകുട്ടിയുടെ അച്ഛന്റെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. അവസാനം കണ്ട സ്ഥലത്തുനിന്ന് ശ്രീനന്ദ നടന്നുകയറിയത് മൃതദേഹം കണ്ട സ്ഥലത്തിനു മുകളിലേക്കായിരിക്കാൻ സാധ്യതയുണ്ടെന്നാണ് ഇതിൽനിന്നു സൂചന ലഭിച്ചത്.
ശ്രീനന്ദയെ മറ്റാരെങ്കിലും അപായപ്പെടുത്തിയതാകാമെന്നതിന്റെ ഒരു ലക്ഷണവും കണ്ടെത്താനായില്ല. അബദ്ധത്തിലോ കാഴ്ചകൾ കാണുന്നതിനു വേണ്ടിയോ പെൺകുട്ടി ഈ ഭാഗത്തേക്കു നടന്നുനീങ്ങി കാൽതെറ്റി വീണതാകാമെന്നാണ് സംശയിക്കുന്നത്. മലമുകളിലെ സുരക്ഷാവേലിയുടെ പുറത്താണ് ഈ സ്ഥലമുള്ളത്. നേരത്തേ കുട്ടികൾ ഈ ഭാഗത്തേക്കു നീങ്ങാൻ ശ്രമിക്കുമ്പോൾ ബന്ധുക്കൾ വിലക്കിയിരുന്നതായി സൂചനകളുണ്ട്.
ഏറെ നേരത്തെ പ്രയത്നത്തിനൊടുവിലാണ് മൃതദേഹം മലയടിവാരത്തുനിന്നു പുറത്തെടുത്തത്. ചിക്കമഗളൂരു താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചു. സംസ്കാരച്ചടങ്ങുകൾ ഉച്ചയ്ക്ക് ഒരുമണിയോടെ ഐവർമഠത്തിൽ നടക്കും.
പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്-രോഹിണി ദമ്പതികളുടെ മകളായ ശ്രീനന്ദ ഈ വർഷം എസ്എസ്എൽസി പരീക്ഷയെഴുതിയതായിരുന്നു. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഏക സഹോദരൻ സച്ചു പോളിടെക്നിക് വിദ്യാർഥിയാണ്.
District News
ചങ്ങരംകുളം: ക്വാർട്ടേഴ്സിൽ തനിച്ച് താമസിച്ചിരുന്ന യുവാവിനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.
കറുപ്പൻവീട്ടിൽ ഷറഫുദീൻ (37) നെയാണ് നരണിപ്പുഴയിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഫൗസിയ. മക്കൾ: ഫർസീൻ, ഫൈമോൻ.
National
ലക്നോ: ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടർന്ന് നിർമാണ തൊഴിലാളിയായ ഭർത്താവ് ഭാര്യയെ അടിച്ചു കൊന്നു. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലാണ് സംഭവം.
സെവ്റ ചാർത്തായി ഗ്രാമവാസി കുസുമം(42) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് നക്ചെയ്ദിനെ (45) പോലീസ് അറസ്റ്റ് ചെയ്തു.
നക്ചെയ്ദ് പകൽ മുഴുവൻ കുസുമത്തെ ഫോണിൽ വിളിച്ചെങ്കിലും അവർ ഫോൺ എടുത്തിരുന്നില്ല. ഇതിൽ പ്രകോപിതനായ ഇയാൾ വൈകിട്ട് വീട്ടിലെത്തി മക്കളായ എട്ടു വയസുകാരിയായ ദീക്ഷയുടെയും ഒൻപത് വയസുകാരനായ ഉദയഭാനിന്റെയും മുന്നിൽ വച്ച് ഭാര്യയെ ക്രൂരമായി മർദിച്ചു.
കുട്ടികൾ തടയാൻ ശ്രമിച്ചെങ്കിലും അവരെ പിടിച്ചുമാറ്റി മർദനം തുടർന്നു. രാത്രി മുഴുവൻ ഇയാൾ ഭാര്യയെ ഉപദ്രവിച്ചതായാണ് വിവരം. പിതാവ് മർദ്ദനം നിർത്തുന്നില്ലെന്ന് കണ്ട മകൾ, പരിക്കേറ്റ അമ്മയെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റി.
എന്നാൽ അടുത്ത ദിവസം രാവിലെ തിരികെ എത്തിയപ്പോൾ നക്ചെയ്ദ് വടികൊണ്ട് വീണ്ടും ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ കുസുമം കുഴഞ്ഞുവീഴുകയും ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് മരിക്കുകയുമായിരുന്നു.
മർദിച്ച കാര്യം സമ്മതിച്ച പ്രതി, മരണം സംഭവിക്കുമെന്ന് താൻ കരുതിയില്ലെന്ന് പോലീസിനോട് പറഞ്ഞു. ദമ്പതികളുടെ മൂത്ത മകൻ തിലക് രാജ് (22) പഞ്ചാബിൽ ജോലി ചെയ്യുകയാണ്.
District News
പത്തനംതിട്ട: കണ്ണൂര്‍ എഡിഎം ആയിരുന്ന മലയാലപ്പുഴ സ്വദേശി നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ തലശേരി സെഷന്‍സ് കോടതിയുടെ വിധി സ്വാഗതാര്‍ഹമാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ.
സിപിഎം നേതൃത്വത്തിന്റെ ഹിതമനുസരിച്ചും നിര്‍ദ്ദേശാനുസരണവും അന്വേഷണം നടത്തിവന്ന സംഘത്തിനേറ്റ തിരിച്ചടിയാണ് ഈ വിധിയെന്നും സതീഷ് കൊച്ചുപറമ്പില്‍ അഭിപ്രായപ്പെട്ടു.നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്നാണ് സാധാരണ ജനങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നത്.
അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ഇടപെടലുകള്‍ കൃത്യമായി അന്വേഷിക്കണം. ഈ കോടതിവിധി വാങ്ങുവാന്‍ നവീന്‍ ബാബുവിന്റെ ഭാര്യ നടത്തിയ നിയമ പോരാട്ടത്തെ അഭിനന്ദിക്കുന്നതായും, നവീന്‍ ബാബുവിന്റെ കുടുംബത്തെ ചേര്‍ത്തു പിടിച്ച് അവര്‍ക്ക് വേണ്ട സഹായം ചെയ്യുവാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഉണ്ടാകുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
Kerala
നിലമ്പൂർ: കരുളായിൽ അമ്മായിയമ്മയുടെ വെട്ടേറ്റ് മരുമകൾ മരിച്ചു. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുളായിചെട്ടികുണ്ടുങ്ങൽ പുളിക്കത്തടത്തിൽ രജിലയാണ് കൊല്ലപ്പെട്ടത്. അമ്മായിയമ്മയായ ശാന്ത വെട്ടുകത്തികൊണ്ട് രജിലയെ വെട്ടുകയായിരുന്നു.
ശരീരമാസകലം വെട്ടേറ്റ രജില എന്ന 30കാരി വീട്ടിൽ വച്ചുതന്നെ മരിച്ചു. രജിലയുടെ കുട്ടികളുടെ മുന്നിൽ വച്ചാണ് ശാന്ത മരുമകളെ വെട്ടിക്കൊന്നത്. കുട്ടികളുടെ നിലവിളി കേട്ടാണ് നാട്ടുകാർ വിവരം അറിഞ്ഞത്.
വെട്ടേറ്റു വീണ രജില കുട്ടികളോടു വെള്ളം ആവശ്യപ്പെട്ടു. കുട്ടികൾ വെള്ളം നൽകുന്നതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു. പൂക്കോട്ടുംപാടം പോലീസ് ശാന്തയെ വീട്ടിൽനിന്നു കസ്റ്റഡിയിൽ എടുത്തു.
രജിലയുടെ ഭർത്താവ് സുനിൽ രാവിലെ ഓട്ടോറിക്ഷയിൽ ഓട്ടം പോയതായിരുന്നു. ടാപ്പിംഗ് തൊഴിലാളിയായ സുനിൽ ഓട്ടോ ഡ്രൈവർ കൂടിയാണ്. രാവിലെ ചായ ചോദിച്ചപ്പോൾ ലഭിക്കാത്തതാണ് പ്രകോപനത്തിനു കാരണമെന്നാണ് ശാന്ത പോലീസിന് മൊഴി നൽകിയത്. മൃതദ്ദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പൂക്കോട്ടുംപാടം പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്കു മാറ്റും.
Kerala
കൊച്ചി: ജാസ്ലിയ ജോണ്‍സന്റെ അപകടത്തില്‍ നീതി ആവശ്യപ്പെട്ട് വിദ്യാര്‍ഥിനിയുടെ കുടുംബവും അധ്യാപകരും. ജാസ്ലിയ കൊല്ലപ്പെട്ട് ആറു ദിവസം കഴിഞ്ഞിട്ടും പ്രതിയായ കോട്ടയം അതിരമ്പുഴ സ്വദേശിയായ സിറിയക് പി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിലാണ് കുടുംബവും അധ്യാപകരും രംഗത്തെത്തിയത്.
പ്രതി വലിയ കുടുംബത്തിലെ ആളായതിനാലാണോ അറസ്റ്റ് ചെയ്യാത്തത്. സാധാരണക്കാരുടെ കുഞ്ഞുങ്ങളുടെ ജീവിതത്തിന് വിലയില്ലേ എന്നാണ് ജാസ്ലിയയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്ന പഞ്ചപ്പാവം ആയിരുന്നു മകള്‍. എല്ലാവര്ക്കും ഇഷ്ടമായിരുന്നു. പ്രതി ഡോക്ടര്‍ ആവുകയാണെങ്കില്‍ എത്ര പേരുടെ ജീവന് പൊലിയും.
വണ്ടി നിര്‍ത്തി മകളെ ആശുപത്രിയിലാക്കാനുള്ള മനസു പോലും കാണിച്ചില്ല. ഞങ്ങള്‍ക്ക് നീതി കിട്ടണമെന്നും അമ്മ പ്രതികരിച്ചു. ഇത്രയും ദിവസമായിട്ടും പ്രതിയെ പിടിക്കാതെ അവിടെയുണ്ട്, ഇവിടെയുണ്ട് എന്നാണ് പോലീസ് പറയുന്നതെന്നും ജാസ്ലിയയുടെ പിതാവ് പറഞ്ഞു.
പോലീസ് ഇത്രയും ദിവസം നോട്ടീസ് മാത്രം അയച്ച് പ്രതിക്കായി കാത്തിരിക്കുകയായിരുന്നു. ഇപ്പോഴാണ് നാലു സ്ക്വാഡ് ആയി അന്വേഷണത്തിന് ഇറങ്ങിയത്. അപകടം നടന്ന ദിവസമോ പിറ്റേന്നോ പ്രതിയെ പിടിച്ചിരുന്നെങ്കില്‍ മദ്യപിച്ചാണോ എന്നതൊക്കെ കണ്ടുപിടിക്കാമായിരുന്നു എന്നാണ് കുടുംബം പറയുന്നത്. ജാസ്ലിയക്ക് നീതി കിട്ടണമെന്ന് അധ്യാപകരും വ്യക്തമാക്കി.
ഫെബ്രുവരി 28ന് ആണ് ജാസ്ലിയയുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്.
Kerala
മലപ്പുറം: ആതവനാട് മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഡ്രൈവറുടെ സഹായി മുസ്തഫയാണ് മരിച്ചത്. ലോറിയുടെ ക്യാബിനുള്ളിൽനിന്നാണ് മൃതദേഹം കണ്ടെത്തിത്.
ഏഴ് മണിക്കൂർ നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടുവിലാണ് ലോറി വെള്ളത്തിൽനിന്നും ഉയർത്താനായത്. അപകടത്തിൽ ലോറി ഡ്രൈവർ ജാഫർ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
ആതവനാട് ഊരോത്ത്പള്ളിയാലിലാണ് അപകടം ഉണ്ടായത്. നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു.
ലോറി പൂർണമായും വെള്ളത്തിൽ മുങ്ങിത്താഴ്ന്നിരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശുമരിച്ച സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് ഇന്ന് കൈമാറും. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള മൂന്നംഗ വിദഗ്ധ സമിതി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് കൈമാറുന്നത്.
അന്വേഷണ റിപ്പോർട്ട് സീൽഡ് കവറിൽ ഡിഎംഇക്ക് കൈമാറിയിരുന്നു. റിപ്പോർട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും ആരോഗ്യവകുപ്പിന്റെ തുടർനടപടികൾ. നിലവിൽ ആരോപണ വിധേയനായ ഡോ. ബിന്ദു സുന്ദർ സസ്പെൻഷനിലാണ്. വിദഗ്ധ സമിതി കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
ഡോ. ബിന്ദു രണ്ടുതവണ 5000 രൂപ വീതം കൈക്കൂലി വാങ്ങിയെന്ന് കുഞ്ഞിന്റെ പിതാവ് ബിനിൽ മൊഴി നൽകിയിരുന്നു. ഡോ. ബിന്ദുവിനെതിരെ ഡിഎംഒയ്ക്കും ആശുപത്രി സൂപ്രണ്ടിനുമടക്കം മുമ്പും പരാതികൾ ലഭിച്ചിരുന്നു. ഇതും വിദഗ്ധ സമിതി പരിശോധിച്ചു.
National
ഭുവനേശ്വവർ: ഒഡീഷയിലെ ധെങ്കനാലിൽ കുടുംബസ്വത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പിതാവ് മകനെ കുത്തിക്കൊന്നു. ബിഭൂതി സാഹു എന്നയാളാണ് മകൻ ഖിരോദ് സാഹുവിനെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബിഭൂതിനെ പോലീസ് അറസ്റ്റ് ചെയ്തു.
കുടുംബസ്വത്തിനെ ചൊല്ലി ബിഭൂതിയും ഖിരോദും കുറെ കാലമായി തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഖിരോദ് പോലീസിൽ പരാതിപ്പെട്ട് വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് ആക്രമിക്കപ്പെട്ടത് ഇദ്ദേഹത്തിന്റെ മാതാവ് രശ്മിത സാഹു പറഞ്ഞു.
ബിഭൂതി, മകന്റെ വയറ്റിൽ കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോകാൻ ശ്രമിച്ചുവെങ്കിലും പോലീസ് പിന്തുടർന്ന് പിടികൂടി. തെളിവുകൾ പരിശോധിച്ചുവരികയാണെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
Kerala
പാലക്കാട്: അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഞായറാഴ്ച വൈകുന്നേരം പാലക്കാട് കല്ലേക്കാട്ടുവച്ചുണ്ടായ സംഭവത്തിൽ കൽപ്പാത്തി കുന്നുംപുറം ഫൈസൽ (38) ആണ് മരിച്ചത്.
അപകടസമയത്ത് ഫൈസലിന്റെ മകൻ ബൈക്കിലുണ്ടായിരുന്നു. റോഡിന്റെ മറുവശത്തേക്ക് തെറിച്ചുവീണതിനാല്‍ മകന് പരിക്കുകളോടെ രക്ഷപ്പെട്ടു. ഫൈസലിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് മാറ്റി.
സംഭവത്തില്‍ കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
Kerala
തിരുവനന്തപുരം: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകുന്നേരം വെമ്പായം കൊപ്പത്തുണ്ടായ അപകടത്തിൽ കൊഞ്ചിറ സ്വദേശി ജയചന്ദ്രൻ (56) ആണ് മരിച്ചത്.
അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. വെമ്പായത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ബൈക്കുകളിൽ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
മറ്റുള്ളവരെ സമീപത്തുള്ള ആശുപത്രിയിലേക്കും മാറ്റി. അപകടത്തെത്തുടർന്ന് മേഖലയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Kerala
കാസർഗോഡ്: മഞ്ചേശ്വരത്ത് ക്രൂര കൊലപാതകം. പിതാവ് മകളെ വെട്ടിക്കൊന്നു. മറിയം ജുമൈല (18) ആണ് കൊല്ലപ്പെട്ടത്.
പിതാവ് ഉമ്മർ ഫാറൂഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകുന്നേരം വീടിനുള്ളിൽവച്ചായിരുന്നു സംഭവം.
പിതാവും മകളും തമ്മിൽ വാക്കുതർക്കം ഉണ്ടായതായും തുടർന്നായിരുന്നു കൊലപാതകമെന്നുമാണ് പ്രാഥമിക വിവരം.
ഒന്നിലധികം വെട്ടുകൾ ഏറ്റ മറിയത്തെ നാട്ടുകാർ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉമ്മർ ഫാറുഖ് മയക്കുമരുന്നിന് അടിമയാണെന്നാണ് നാട്ടുകാർ പറയുന്നത്. പ്രവാസിയായിരുന്ന ഇയാൾ അടുത്തിടെയാണ് നാട്ടിലെത്തിയത്.
Kerala
തിരുവനന്തപുരം: വിനോദയാത്രാ സംഘം സഞ്ചരിച്ച കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് വയോധികന് ദാരുണാന്ത്യം. തിരുവനന്തപുരം പാറശാലയിലുണ്ടായ അപകടത്തിൽ കർണാടക സ്വദേശി രവി (50) ആണ് മരിച്ചത്.
കാറിലുണ്ടായിരുന്ന ഷിഡ്ജൽ ഗൗഡ (അഞ്ച്), മമത (35), ലക്ഷ്മി (45), ലോകേഷ് (44) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്കു വരുന്ന വഴിയിലാണ് ഇവർ അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ശബ്ദംകേട്ട് എത്തിയ പ്രദേശവാസികളും പാറശാല പോലീസും ചേർന്നാണ് കാറിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രവിയുടെ ജീവൻ രക്ഷിക്കാനായില്ല.
Kerala
ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിൽ അനുശോചിച്ച് നേതാക്കൾ. ജനങ്ങളുടെ നേതാവായിരുന്നു അജിത് പവാറെന്നും കഠിനാധ്വാനിയായ നേതാവായിരുന്നുവെന്നും അപകട വാർത്ത ഞെട്ടിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു.
അജിത് പവാറിന്റെ വിയോഗ വാര്‍ത്ത അങ്ങേയറ്റം ഹൃദയഭേദഗമാണെന്ന് രാഹുൽ ഗാന്ധി അനുശോചിച്ചു. അജിത് പവാറിന്റെ ഭാര്യയുമായി സംസാരിച്ചുവെന്നും കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
National
ന്യൂഡൽഹി: കസാഖിസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. നാലാം വർഷ എംബിബിഎസ് വിദ്യാർഥി മിലി മോഹനാണ് മരിച്ചത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
സംഭവത്തിൽ മറ്റ് രണ്ട് വിദ്യാർഥിനികൾക്കും പരിക്കേറ്റു. കസാഖിസ്ഥാനിലെ സെമി മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ 11 വിദ്യാർഥികളാണ് വിനോദയാത്രയ്ക്കായി പോയത്. മടക്കയാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.
പരിക്കേറ്റ ആഷിക ഷീജ, മിനി സന്തോഷ്, ബി. ജസീന എന്നിവർ ചികിത്സയിലാണ്. മിലി മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്ന് എംബസി അധികൃതർ പറഞ്ഞു.
Kerala
തിരുവനന്തപുരം : മൂടിയില്ലാത്ത ഓടയിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ശനിയാഴ്ച പുലർച്ചെ അണ്ടൂർക്കോണത്തുണ്ടായ സംഭവത്തിൽ അൻഷാദ് (45) ആണ് മരിച്ചത്.
അണ്ടൂർക്കോണം എൽപി സ്കൂളിന് സമീപത്തെ റോഡിലെ വളവിലായിരുന്നു അപകടം. പുലർച്ചെ ഇതുവഴി പോയ വഴിയാത്രക്കാരാണ് പോലീസിൽ വിവരം അറിയിച്ചത്.
തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി അൻഷാദിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Kerala
കണ്ണൂർ: ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്തുപറമ്പിലെ ചെങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ നരവൂർപാറ സ്വദേശി സുധിയാണ് മരിച്ചത്.
ലോറിയുടെ ക്യാബിനിൽ സുധി ഇരിക്കുമ്പോഴാണ് അപകടമുണ്ടായത്. തുടർന്ന് ലോറിക്ക് മുകളിൽ വീണ മണ്ണ് ജെസിബി ഉപയോഗിച്ച് നീക്കി സുധിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
NRI
ഹൂസ്റ്റൺ: 1940കൾക്ക് ശേഷം ആദ്യമായി അമേരിക്കയിൽ ജോലിക്കിടെ കൊല്ലപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം നൂറിൽ താഴെയാകുന്നു. ക്രമസമാധാന പാലന രംഗത്ത് സുരക്ഷ വർധിപ്പിക്കുന്നതിൽ രാജ്യം കൈവരിച്ച ചരിത്രപരമായ നേട്ടമാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2025ൽ രാജ്യത്ത് ആകെ കൊല്ലപ്പെട്ടത് 97 ഉദ്യോഗസ്ഥർ മാത്രമാണ്. രാജ്യവ്യാപകമായി കൊലപാതക നിരക്കിൽ വൻ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹൂസ്റ്റണിൽ മാത്രം കൊലപാതകങ്ങൾ 18 ശതമാനം കുറഞ്ഞു.
ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്മെന്റിന് 2025ൽ ഒരു ഉദ്യോഗസ്ഥനെ മാത്രമാണ് നഷ്ടപ്പെട്ടത് (വാഹനാപകടത്തിൽ). കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇവിടെ വെടിയേറ്റ് പോലീസുകാർ മരിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല.
ഉദ്യോഗസ്ഥർക്ക് നൽകുന്ന ആധുനിക പരിശീലന രീതികൾ, സാങ്കേതിക വിദ്യ, ബോഡി കാമറകളും അത്യാധുനിക ഉപകരണങ്ങളും കൂടുതൽ ഉദ്യോഗസ്ഥരെ നിരത്തിലിറക്കുന്നത് തുടങ്ങിയ കാരണങ്ങളാണ് എണ്ണത്തിൽ കുറവ് വരാൻ കാരണം.
ഓരോ ഉദ്യോഗസ്ഥന്റെയും ജീവൻ വിലപ്പെട്ടതാണെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായി അവർ നൽകുന്ന ത്യാഗം രാജ്യം എന്നും സ്മരിക്കുമെന്നും അധികൃതർ അറിയിച്ചു.
National
ഷിംല: ഹിമാചൽ പ്രദേശിലെ സർക്കാർ കോളജിൽ റാഗിംഗിനെ തുടർന്ന് വിദ്യാർഥി മരിച്ച സംഭവത്തിൽ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ 26 നാണ് 19 കാരിയായ വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചത്.
മരിക്കുന്നതിന് മുമ്പ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വിശദീകരിക്കുന്ന വീഡിയോയും പെൺകുട്ടി മൊബൈലിൽ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. അധ്യാപകൻ പുറകെ നടന്നു ഉപദ്രവിച്ചതായും പ്രഫ.അശോക് കുമാർ സ്വകാര്യ ഇടങ്ങളിൽ മോശം ഉദ്ദേശത്തോടെ തൊട്ടുവെന്നും വിദ്യാർഥി പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകനെതിരെ പോലീസ് കേസെടുത്തത്. സംഭവത്തിൽ വിദ്യാർഥികളായ ഹർഷിത, ആകൃതി, കോമോലിക എന്നിവർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. മർദനത്തെയും പീഡനത്തെയും തുടർന്ന് ഒന്നിലധികം ആശുപത്രികളിൽ പെൺകുട്ടി ചികിത്സ തേടിയിരുന്നു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ലുധിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ 26ന് മരണം സംഭവിക്കുകയായിരുന്നു.
International
ബേൺ: പുതുവർഷാഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലുണ്ടായ സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. ക്രാൻസ് മൊണ്ടാനയിലെ റിസോർട്ടിലെ ബാറിലുണ്ടായ സ്ഫോടനത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
പ്രാദേശികസമയം വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടന സമയത്ത് നൂറിലേറെ പേർ ബാറിലുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. മരണസംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.
സ്വിറ്റ്സർലൻഡിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ക്രാൻസ് മൊണ്ടാന. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് വക്താവ് പറഞ്ഞു.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വ്യാപാരി ദിലീപ് ജീവനൊടുക്കിയ സംഭവത്തിൽ കോൺഗ്രസ് കൗൺസിലർക്കെതിരെ ആരോപണം. മൊബൈൽ ഷോപ്പിൽ നിന്ന് ലഭിച്ച കുറിപ്പിൽ കൗൺസിലർ ഗ്രാമം പ്രവീണിനെതിരെ ആരോപണമുണ്ടെന്ന് ദിലീപിന്റെ സഹോദരൻ രതീഷ് പറഞ്ഞു.
ഒരു കൗൺസിലർ കുടുംബകാര്യങ്ങളിൽ ഇടപെട്ടെന്നാണ് കുറിപ്പിലുള്ളത്. പോലീസിന് കൊടുത്ത പരാതിയിലാണ് സഹോദരൻ രതീഷിന്റെ ആരോപണം. അതേസമയം രതീഷിന്റെ ആരോപണം നിഷേധിച്ചുകൊണ്ട് ഗ്രാമം പ്രവീൺ രംഗത്തെത്തി.
ഞായറാഴ്ചയാണ് ദിലീപിനെ നെയ്യാറ്റിൻകര ടൗണിന് സമീപം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കടബാധ്യതയാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Kerala
തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വക്കം ആങ്ങാവിളയിലുണ്ടായ അപകടത്തിൽ കായിക്കര കടവിൽ അബി, വക്കം ചാമ്പാവിള സ്വദേശി ശ്രീനാഥ് എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച്ച വൈകുന്നേരം നാലരയ്ക്കുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിലയ്ക്കാമുക്ക് ഭാഗത്ത് നിന്നും വന്ന ബുള്ളറ്റും എതിർദിശയിലെത്തിയ ബൈക്കും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ നാലുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ഡോ.എ.ജെ.ഷഹ്ന ജീവനൊടുക്കിയ കേസിൽ നിർണായക നീക്കവുമായി സർക്കാർ. കേസിൽ എൻ. സലാവുദീനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. സ്ത്രീധനം കൂട്ടി നൽകാത്തതിനെ തുടർന്ന് സുഹൃത്തായ ഡോ. ഉവൈസ് വിവാഹത്തിൽ നിന്ന് പിന്മാറിയിരുന്നു.
ഇതിൽ മനംനൊന്ത് ഷഹ്ന ജീവനൊടുക്കിയെന്നാണ് കേസ്. 2023 ഡിസംബർ നാലിനായിരുന്നു സംഭവം. ഒപി ടിക്കറ്റിന്റെ പിന്നിൽ ഷഹന എഴുതിയ കുറിപ്പിലെ വരികളുടെയും ബന്ധുക്കളുടെ മൊഴികളുടെയും പശ്ചാത്തലത്തിലാണ് ഡോ. ഉവൈസിനെ കേസില്‍ പ്രതി ചേര്‍ത്തത്.
ബന്ധത്തില്‍ നിന്നും പിന്മാറിയതിനാല് ജീവനൊടുക്കുമെന്ന് ഡോ. ഷഹന ഡോ. ഉവൈസിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. എന്നാൽ അറസ്റ്റിലാകുന്നതിന് മുമ്പ് ഷഹന അയച്ച സന്ദേശം റുവൈസ് ഡിലീറ്റ് ചെയ്തിരുന്നു.
കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ ചോദ്യം ചെയ്യലിൽ ഷഹന സന്ദേശം അയച്ചിരുന്നതായി റുവൈസ് സമ്മതിച്ചു. ഷഹനയുടെ മൊബൈലിൽ നിന്നുള്ള തെളിവുകളും പോലീസിന് ലഭിച്ചിരുന്നു.
Kerala
പാലക്കാട്: കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറു വയസുകാരൻ സുഹാന്റെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് സഹോദരനുമായി പിണങ്ങിയ സുഹാനെ വീട്ടിൽ നിന്നും കാണാതാകുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഞായറാഴ്ച രാവിലെ വീടിനു സമീപത്തുള്ള കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സുഹാൻ പഠിച്ച റോയൽ നഴ്സറി സ്കൂളിൽ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. ആറുവയസുകാരനെ ഒരുനോക്ക് കാണാൻ നൂറുകണക്കിന് പേരാണ് നഴ്സറി സ്കൂളിലെത്തിയത്. തുടർന്ന് വീട്ടിലെ പൊതുദർശനം പൂർത്തിയാക്കി മൃതദേഹം മാട്ടു മന്ത ജുമാ മസ്ജിദിൽ സംസ്കരിച്ചു.
സുഹാന്റേത് മുങ്ങി മരണമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. കാണാതായി 21 മണിക്കൂറിനുശേഷമാണ് സുഹാന്റെ മൃതദേഹം കുളത്തിൽ നിന്നും കണ്ടെത്തിയത്.
Kerala
ഇലന്തൂർ: സൈക്കിൾ നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ചുണ്ടായ അപകടത്തിൽ ഏഴാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. പത്തനംതിട്ട ഇലന്തൂർ ഇടപ്പരിയാരത്തുണ്ടായ അപകടത്തിൽ വാസുദേവ വിലാസത്തിൽ ബിജോയ് ഹരിദാസ്, വി. ആർ.സൗമ്യ ദമ്പതികളുടെ മകൻ ഭവന്ദ് (14) ആണ് മരിച്ചത്.
കൊല്ലംമ്പാറ ഇടപ്പെരിയാരം റോഡിലെ ഇറക്കം ഇറങ്ങി വരുമ്പോൾ നിയന്ത്രണം വിട്ട സൈക്കിൾ വെൽഡിംഗ് വർക്ക്ഷോപ്പിന്റെ ഗേറ്റ് തകർത്ത് ഭിത്തിയിൽ ഇടിക്കുകയായിരുന്നു. ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ഭവന്ദ്.
ഇടപ്പെരിയാരം ഗുരുമന്ദിരത്തിലെ പുനഃപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു അപകടം. സഹോദരി : അഭിനവ. മാതാവ് സൗമ്യ വിദേശത്ത് നഴ്സാണ്.
Kerala
മലപ്പുറം: പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് പരപ്പനങ്ങാടിയിലുണ്ടായ സംഭവത്തിൽ ചെട്ടിപ്പടി കോയംകുളത്ത് ഫൈസലിന്റെ മകൻ അമീൻഷാ ഹാഷിം (11)ആണു മരിച്ചത്.
ബന്ധു വീട്ടിലേക്കു പോകാൻ പാളം മുറിച്ച് കടക്കുന്നതിനിടെയാണു കുട്ടി അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപ്രതി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റെയിൽവേ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Kerala
കണ്ണൂര്‍: കോണ്‍ക്രീറ്റ് മിക്സര്‍ കയറ്റിവന്ന ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ പയ്യാവൂരിൽ ശനിയാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു.
മരിച്ച രണ്ടുപേരും അതിഥി തൊഴിലാളികളാണ്. അപകടം നടന്ന ഉടൻതന്നെ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ആറുപേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു. അതിഥി തൊഴിലാളികളുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വിദ്യാർഥിയെ കുത്തിക്കൊന്നു. വംശീയ അധിക്ഷേപം എതിർത്തതിനാണ് ത്രിപുര സ്വദേശിയായ 24കാരനെ ഡെറാഡൂണിൽ കൊലപ്പെടുത്തിയത്.
ഏഞ്ചൽ ചക്മ ആണ് മരിച്ചത്. മർദനമേറ്റ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്ന ഏഞ്ചൽ ചക്മ ചികിത്സയിൽ കഴിയുന്നതിനിടെ മരിക്കുകയായിരുന്നു.
സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ ഒരാളായ നേപ്പാൾ സ്വദേശി നേപ്പാളിലേക്ക് കടന്നതായാണ് വിവരം.
സഹോദരൻ മൈക്കൾ നൽകിയ പരാതിയിൽ പ്രകാരം, ഡിസംബർ ഒൻപതിന് വൈകുന്നേരം ഇരുവരും വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോയിരുന്നു. ഇതിനിടെ മദ്യപിച്ചെത്തിയ ഒരുസംഘമാളുകൾ ഇവരെ വംശീയമായി അധിക്ഷേപിച്ചു.
ഇതിനെ പ്രതിരോധിച്ച ഏഞ്ചലിനെ ആക്രമികൾ കത്തിയും കമ്പിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. 15 ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഏഞ്ചലിന്റെ കഴുത്തിലും തലയ്ക്കുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ഏഞ്ചലിന്റെ പിതാവ് ബിഎസ്എഫ് ഉദ്യോഗസ്ഥനാണ്.
NRI
കോഴിക്കോട്: ഹൃദയാഘാതം മൂലം ജര്‍മനിയില്‍ അന്തരിച്ച കോഴിക്കോട് മരഞ്ചാട്ടി സ്വദേശി രാഗേഷ് ഇളങ്ങമ്പലത്തിന്റെ സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് സ്വദേശത്ത് നടന്നു.
ഇളങ്ങമ്പലത്ത് ശിവദാസന്റയും രാജമ്മയുടെയും മകനാണ്. ഭാര്യ: പെരുന്തല്‍മണ്ണ തെക്കേപ്പറമ്പില്‍ രഞ്ജിനി. മകള്‍ ഹൃതിക രാഗേഷ്. സഹോദരങ്ങൾ: രഞ്ജിത്ത്, രജനി.
മൃതദേഹം ജര്‍മന്‍ പോലീസിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മ്യൂണിക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മേല്‍നോട്ടത്തില്‍ വെള്ളിയാഴ്ച രാത്രി 8.30ന് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഡ്യൂഡല്‍ഹി വഴി ഞായറാഴ്ച രാവിലെ 9.15ന് കൊച്ചിയില്‍ എത്തിച്ചു.
തുടര്‍ന്ന് മൃതദേഹം രാഗേഷിന്റെ കുടുംബം ഏറ്റുവാങ്ങി നോര്‍ക്കയുടെ ആംബുലന്‍സ് സഹായത്തോടെ സ്വദേശമായ കോഴിക്കോട്ട് കൊണ്ടുവന്ന് അന്തിമോപചാര അര്‍പ്പണത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്, സുരേഷ് ഗോപി, എംപിമാരായ എം.കെ. രാഘവന്, പ്രിയങ്ക ഗാന്ധി, ജോര്‍ജ് കുഞ്ഞുമോന് (ഹംഗറി) എന്നിവർക്ക് പുറമെ ജര്‍മനിയില്‍ നിന്നുള്ള ലോക കേരളസഭാംഗം ജോസ് കുമ്പിളുവേലിന്റെ നിരന്തരമായ ഇടപെടലുകളാണ് രാഗേഷിന്റെ മൃതദേഹം നാട്ടിലെത്തിയ്ക്കാന്‍ സഹായകമായത്.
ഹംഗറിയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ ജോലി സംബന്ധമായി ജര്‍മനിയിലെത്തിയ രാഗേഷ് ഇളങ്ങമ്പലത്ത് എന്ന 41 വയസുകാരനെ ബാഡന്‍വ്യുര്‍ട്ടെംബര്‍ഗ് സംസ്ഥാനത്തിലെ എങ്ങനില് ട്രക്കിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെുത്തുകയായിരുന്നു.
ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കഴിയാതിരുന്നതിനെ തുടര്‍ന്ന് ജര്‍മന്‍ പോലീസിന്റെ അന്വേഷണത്തില്‍ ട്രക്കിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നുള്ള പോസ്റ്റ്മോര്‍ട്ടത്തില്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് പോലീസും പബ്ലിക് പ്രൊസിക്യൂട്ടറും സ്ഥിരീകരിച്ചു.
ഡിസംബര്‍ ഒന്നിനാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ദീര്‍ഘകാലം കോഴിക്കോട് മുക്കം റൂട്ടിലെ ബസ് ഡ്രൈവർ ആയിരുന്ന രാഗേഷ് കഴിഞ്ഞ നാലു വര്‍ഷമായി ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ട്രക്ക് കമ്പനിയില്‍ ഡ്രൈവറായിരുന്നു.
National
അഹമ്മദാബാദ്: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ അഞ്ച് വയസുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു. ധാരി പട്ടണത്തിലെ ഗോപാൽഗ്രാം ഗ്രാമത്തിലാണ് സംഭവം.
രാവിലെ ഒൻപതോടെ അമ്മയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ട് പോവുകയായിരുന്നുവെന്ന് ഇൻ ചാർജ് അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എസിഎഫ്) പ്രതാപ് ചന്തു പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ സാഹിൽ കട്ടാര എന്ന കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.
അതേസമയം, പുലിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. മേഖലയിൽ കൂടുകൾ സ്ഥാപിച്ചുവെന്നും പുലിയെ ഉടൻതന്നെ പിടികൂടുമെന്നും അധികൃതർ വ്യക്തമാക്കി.
National
ഹൈദരാബാദ്: തെലുങ്കാനയിൽ സ്ത്രീധന തർക്കത്തെ തുടർന്ന് യുവതിയെ മർദിച്ചു കൊന്നു. വിക്രബാദ് ജില്ലയിലാണ് സംഭവം. 22കാരിയായ അനുഷ ആണ് മരിച്ചത്.
മർദനത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. എട്ട് മാസങ്ങൾക്ക് മുൻപായിരുന്നു പരമേഷ് കുമാറു(28)മായി അനുഷയുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. സ്ത്രീധനത്തിന്റെ പേരിൽ ഇരുവരും വഴക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
രണ്ട് ദിവസങ്ങൾക്ക് മുൻപ് വഴക്കിനെ തുടർന്ന് അനുഷ മാതാപിതാക്കളുടെ അടുത്തേക്ക് പോയിരുന്നു. എന്നാൽ സമാധാന ചർച്ചയെ തുടർന്ന് അനുഷ, പരമേഷിനൊപ്പം മടങ്ങി. എന്നാൽ ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടായി.
പരമേഷ്, അനുഷയുടെ കഴുത്തിൽ പിടിച്ചു തള്ളുന്നതും കൈയിൽ പിടിച്ചു വലിക്കുന്നതും വീടിന്റെ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ അനുഷ താക്കോൽ വലിച്ചെറിഞ്ഞു. ഇതിൽ പ്രകോപിതനായ പരമേഷ്, മുഖത്ത് അടിക്കുകയും വയറിൽ തൊഴിക്കുകയും ചെയ്തു. തുടർന്ന് സമീപത്തുണ്ടായിരുന്ന മര കഷണം ഉപയോഗിച്ച് അനുഷയുടെ തലയിൽ അടിച്ചു.
സംഭവം കണ്ട അയൽവാസിയായ സ്ത്രീ പരമേഷിനെ തടയാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ഗുരുതര പരിക്കേറ്റ അനുഷയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.
സംഭവത്തിൽ അനുഷയുടെ സഹോദരൻ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരികയാണ്.
Kerala
കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാസന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മൃതദേഹം എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ചപ്പോഴാണ് മുഖ്യമന്ത്രിയെത്തി അന്തിമോപചാരം അർപ്പിച്ചത്.
ഉച്ചയ്ക്ക് ആരംഭിച്ച പൊതുദർശനം വൈകുന്നേരം മൂന്നുവരെ നീളും. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് കണ്ടനാട്ടെ വീട്ടുവളപ്പിലാണ്.
മമ്മൂട്ടി, മോഹൻലാൽ തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകരും ടൗൺ ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു.
International
ധാക്ക: ജെൻസീ പ്രക്ഷോഭ നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തിനു പിന്നാലെ ബംഗ്ലദേശിൽ കലാപം പടരുന്നു. തലസ്ഥാനമായ ധാക്കയുടെ തെരുവിലിറങ്ങിയ പ്രതിഷേധക്കാർ വ്യാപക അക്രമം അഴിച്ചുവിട്ടു.
വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിക്ക് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖംമൂടി ധാരികളുടെ വെടിയേറ്റത്. തുടർന്ന് സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരിച്ചത്. ഇതോടെ തെരുവിലിറങ്ങിയ പ്രതിഷേധക്കാർ വ്യാപക അക്രമം അഴിച്ചുവിട്ടു.
മാധ്യമ ഓഫീസുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് തീയിട്ടു. ഷേഖ് ഹസീന സർക്കാരിന്റെ പതനത്തിന് കാരണമായ വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഇൻക്വിലാബ് മഞ്ചിന്റെ വക്താവായിരുന്നു ഹാദി.
കുറ്റവാളികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കൊലയാളികളെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
Kerala
പാലക്കാട്: അട്ടപ്പള്ളത്ത് ഇതര സംസ്ഥാന തൊഴിലാളി മർദനമേറ്റ് മരിച്ച സംഭവത്തിൽ ആറുപേർ കസ്റ്റഡിയിൽ. മോഷണ കുറ്റമാരോപിച്ചാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണനെ നാട്ടുകാർ മർദിച്ചത്.
തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. രാം നാരായണൻ കേരളത്തിലെത്തിയത് ഒരാഴ്ച മുൻപാണെന്നും പോസ്റ്റ്മോർട്ടം ഇന്ന് നടത്തുമെന്നും പോലീസ് പറഞ്ഞു.
ഇയാൾക്ക് മാനസിക പ്രശ്നമുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം എന്താണെന്ന് വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.
National
ശ്രീനഗർ: ജമ്മുകാഷ്മീരിലെ അനന്ത്നാഗ് ജില്ലയിൽ അഞ്ച് വയസുകാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു. ബിജ്ബെഹാരയിലെ ശ്രീഗുഫ്വാര പ്രദേശത്ത് ബുധനാഴ്ച രാത്രിയാണ് സംഭവം.
വീടിന് പുറത്തുനിന്നിരുന്ന പെണ്‍കുട്ടിയെ ആക്രമിച്ച പുള്ളിപ്പുലി അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കുട്ടിയെ കൊണ്ടുപോയി. പോലീസും രക്ഷാപ്രവര്‍ത്തകരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവം പ്രദേശത്ത് പരിഭ്രാന്തി പരത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിഡിപി നേതാവ് ഇല്‍റ്റിജ മുഫ്തി കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു.
Kerala
പാലക്കാട്: കാറിനു തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂർ വേലിക്കാട് റോഡിലുണ്ടായ സംഭവത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഈ കാറിൽ വന്നയാൾ സമീപത്തുള്ള പമ്പിൽ നിന്ന് പെട്രോൾ വാങ്ങിയെന്ന് പോലീസിനു വിവരം ലഭിച്ചു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കാർ മുണ്ടൂർ വേലിക്കാട് സ്വദേശിയുടേതാണെന്ന് പോലീസിന് വിവരം ലഭിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി.
Kerala
ഇടുക്കി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഇടുക്കി വെള്ളിലാംകണ്ടത്തുണ്ടായ അപകടത്തിൽ കോഴിമല സ്വദേശി ജിൻസനാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
ബൈക്ക് ബസിലും മറ്റൊരു ബൈക്കിലും ഇടിച്ചു. ജിൻസന്റെ സഹോദരൻ ജെയ്സണ്‍, ഏലപ്പാറ സ്വദേശികളായ സിഖിൽ, കൃഷ്ണപ്രിയ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജിൻസന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
കണ്ണൂർ: വോട്ട് ചെയ്യാൻ എത്തിയയാൾ ബൂത്തിൽ കുഴഞ്ഞുവീണു മരിച്ചു. മോറാഴ സൗത്ത് എൽപി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ സുധീഷ് കുമാർ (48) ആണ് മരിച്ചത്.
രാവിലെ 10.15ഓടെ മൊറാഴ സൗത്ത് എൽപി സ്കൂളിലെ ബൂത്തിലായിരുന്നു സംഭവം. സുധീഷ് വോട്ടു ചെയ്യാൻ ബൂത്തിലെത്തിയപ്പോൾ വോട്ടർമാരുടെ നീണ്ട നിരയുണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സുധീഷിനെ അധികൃതർ ഇടപെട്ട് ബൂത്തിലേക്ക് കടത്തി വിട്ടെങ്കിലും വോട്ടു ചെയ്യുന്നതിന് തൊട്ടു മുമ്പ് കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോട്ടറി തൊഴിലാളിയാണ്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
National
ന്യൂഡൽഹി: കൗമാരക്കാരനെ കുത്തിക്കൊന്ന കേസിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേർ അറസ്റ്റിൽ. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ കാഞ്ചവാല പ്രദേശത്താണ് സംഭവം നടന്നത്.
കൊല്ലപ്പെട്ട കൗമാരക്കാരൻ പ്രതികളെ നേരത്തെ മർദിച്ചിരുന്നു. ഇതേചൊല്ലിയുണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു.
കൊലയ്ക്ക് ഉപയോഗിച്ച കത്തി സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Kerala
മലപ്പുറം: യുഡിഎഫ് സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാർഥി വെട്ടത്ത് ഹസീന (52) മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.
ഞായറാഴ്ച പ്രചാരണത്തിനുശേഷം വീട്ടിലെത്തിയ ഹസീന കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം സംസ്കരിച്ചു. പായിമ്പാടം അങ്കണവാടി അധ്യാപികയായ ഹസീന മുസ്ലീം ലീഗിന്റെ സജീവ പ്രവർത്തകയായിരുന്നു.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കാലിത്തീറ്റ ശേഖരിക്കുന്നതിനിടെ കടുവയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. പൗരി ഗർവാൾ ജില്ലയിലെ കാലാഗഡ് ടൈഗർ റിസർവ് പ്രദേശത്താണ് സംഭവം.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെ റിഖാനിഖൽ ബ്ലോക്കിൽ ഊർമിള ദേവി മരുമകൾ പ്രിയയ്ക്കൊപ്പം കന്നുകാലികൾക്ക് കാലിത്തീറ്റ ശേഖരിക്കുന്നതിനിടെയാണ് സംഭവം നടന്നത്.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് പ്രിയ വീടിനുള്ളിലേക്ക് പോയി. എന്നാൽ ഊർമിള ദേവി കാലിത്തീറ്റ ശേഖരിക്കുന്നത് തുടർന്നു. ഏറെ സമയം കഴിഞ്ഞിട്ടും ഊർമിള വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മരുമകൾ അന്വേഷിച്ചു പോയപ്പോഴാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിന് സമീപം കടുവയും ഇരിപ്പുണ്ടായിരുന്നു.
പ്രിയയുടെ കരച്ചിൽ കേട്ട് ഗ്രാമവാസികൾ ഓടിക്കൂടി. തുടർന്ന് കടുവ സ്ഥലത്ത് നിന്നും പോവുകയായിരുന്നു.
പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണം പതിവായിരിക്കുകയാണെന്ന് എംഎൽഎ ദിലീപ് റാവത്ത് പ്രതികരിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച അദ്ദേഹം, വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ സർക്കാർ കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, താൻ രാജിവയ്ക്കുമെന്ന് പറഞ്ഞു.
National
ചെന്നൈ: ദിത്വാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും തമിഴ്നാട്ടിൽ മൂന്ന് മരണം. ചെന്നൈ അടക്കം വടക്കൻ ജില്ലകളിൽ തിങ്കളാഴ്ച രാവിലെ വരെ മഴ തുടരും. തഞ്ചാവൂരിലും തൂത്തുക്കുടിയിലും വീട് ഇടിഞ്ഞു വീണ് രണ്ട് പേർ മരിച്ചു.
തഞ്ചാവൂരിൽ അച്ഛനമ്മമാർക്കും സഹോദരിക്കും ഒപ്പം കിടന്നുറങ്ങുകയായിരുന്നു രേണുക ദേവി (23) ആണ് മരിച്ചത്. മയിലാടുതുറയിൽ കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി പ്രതാപ് എന്ന യുവാവിനും ജീവൻ നഷ്ടമായി.
150 ലേറെ കന്നുകാലികൾ ചത്തതായും 234 വീടുകൾ തകർന്നതായും റവന്യൂ അധികൃതർ പറഞ്ഞു. നാഗപ്പട്ടണത്തും മയിലാടുതുറൈയിലും രാമനാഥപുരത്തും ആയിരത്തിലേറെ ഹെക്ടർ കൃഷിഭൂമിയിൽ വെള്ളം കയറി. പുതുച്ചേരിയിൽ മഴയും കാറ്റും ശക്തമായതോടെ ബീച്ചുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
ചെന്നൈയിൽ നിന്ന് ശ്രീലങ്കയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ശ്രീലങ്ക വിട്ട് ഇന്ത്യൻ തീരത്തോട് അടുക്കുമ്പോഴേക്കും ദുർബലമായ ദിത്വാ വൈകുന്നേരത്തോടെ അതിതീവ്ര ന്യൂനമർദ്ദമാകുമെന്നാണ് പ്രവചനം.